ഞായറാഴ്‌ച, ജനുവരി 03, 2010

അശാന്തം.


ഒരു പൊട്ടിത്തെറിയിൽ ചിതറി-
ത്തെറ്റിപ്പിരിഞ്ഞതാണു നാം.
അന്നുതൊട്ടിന്നേവരേയ്ക്കും
സുഖമെന്തെന്നറിഞ്ഞിട്ടില്ല.

ചിരികൾ വിരിയുന്നിടത്തെല്ലാം
ഭൂമി നിണം കുടിച്ചിട്ടുണ്ടെന്ന്
ചൊടികൾ വിളിച്ചുപറഞ്ഞു.

എവിടെ പൊത്തിവയ്ക്കണം;
മിടിപ്പുള്ള ഞരമ്പുകളിലെവിടെയും
വരഞ്ഞാൽ ചോരവരും-
മുറിവിനായ്‌ വളരുന്നു ദേഹം..!

കുഴഞ്ഞുള്ള നടപ്പിൽ
പിന്നിൽ നിന്നൊരു പിടിത്തം!
എന്തിനെന്നാരായും മുന്നേ
ഗളശ്ഛേദം...! സുഹൃത്തേ,
നിനക്കും ചോരയില്ലേ?
ജീവനും, നോവും??

നീണ്ടൊരു മാർച്ചുപാസ്റ്റിൻ`റെ
ബൂട്ടടിയിൽ എൻ`റെ പ്രാണൻ
മണ്ണായ്‌ മഥിക്കപ്പെടുന്നു.

ഇനി...

മറ്റൊരു ദ്രുതകർമ്മസേന
ഉയിരെടുക്കണം ഉയിരുകളിൽ,
അതുവരെ പിരിഞ്ഞിരിക്കാം
സമാധാനമേ, നമുക്ക്‌...
**************
പ്രസിദ്ധീകരിച്ചത്‌: നാട്ടുപച്ച.കോം, ജനുവരി-2010
**************

അഭിപ്രായങ്ങളൊന്നുമില്ല: