ബുധനാഴ്‌ച, ജനുവരി 20, 2010

ഭവനരഹിതർ



എന്റെ വീടെന്നാൽ
ഒരു വീടും കുറേ വീടുകളും,
അടുക്കളപ്പുകയിലെ മണം
പരസ്പരം പകുക്കുന്നതേ
എന്റെ ദിനമെന്നാൽ..

എന്റെ വീട്ടിലേയും
മറ്റു വീടുകളിലേയും
കുരുന്നു ദൈവങ്ങളൊന്നിച്ച്‌
പറയാതെ പറയുമദ്വൈത-
ച്ചിന്തുകൾ നിറഞ്ഞതെന്റെ
സന്ധ്യയെന്നാൽ...
അവർ കൂടുമന്തിപ്പറമ്പിൽ
വീടുകൾ പ്രാർത്ഥിച്ചിരുന്നത്‌
എന്റെ ഭൂപടം-
മതിലിഴഞ്ഞു കയറും മുമ്പുള്ള
പച്ച സാമ്രാജ്യം!!


ഞാനൊരു ജിഹാദി-
ത്തുമ്പി തൻ വാലിൽ തൂങ്ങി
അയിഷത്തള്ളയുടെയടുക്കളയിൽ
കൊതിക്കൈയ്യിട്ടു വാരി,
ആലപ്പുഴയക്കയുടെ 'മുറു'മുറുക്കു റാഞ്ചി
കീറനിക്കറിൻ കീശയിൽ തിരുകി,
പെസഹയപ്പം പൊള്ളുന്നുള്ളിൽ നി-
ന്നൽപസ്നേഹത്തിൻ വക്കടർത്തി
ചൂളമടിച്ചണച്ചു വരുമ്പൊഴോ
രണ്ടടിക്കപ്പുറമതിർത്തി കടന്നതിൻ
മറ്റു നോവുകളൊന്നുമില്ല.
തടസ്സം നിൽകാൻ കുറേ വീടുകൾ
കൂട്ടമായെത്തുന്നതേ
എന്റെ കുറുമ്പുകൾ..

നിന്റെ വീടെന്നാലും
എന്റെ വീടും കുറേ വീടുകളും.
വെളിച്ചം കൈക്കുടന്നയിൽ പകർത്തി
ഇരുട്ടിനെയാട്ടിത്തുപ്പി
സർവ്വഭവനങ്ങളും നാം ജ്വലിപ്പിക്കുന്നതേ
പണ്ടു ജീവിതമെന്നാൽ..!

********
ഇന്ന്
മൂക്കുമുട്ടെ മതിലുകൾ,
ശ്വാസം മുട്ടി
ഞാനീ സ്മൃതിയിൽ മുഴുകുമ്പോൾ
എവിടെയും ഒറ്റ വീടുകൾ.

എന്റെ വീടെന്നാലോ
ഒരു വീടും കുറേ വീടുകളും,
നിന്റെ വീടെന്നാലും
എന്റെ വീടും കുറേ വീടുകളും..

അതിനാൽ സഖാവേ;
എനിയ്ക്കും നിനക്കുമിപ്പോൾ
വീടുകളില്ലാ..
വീടില്ലാത്തവന്റെ ദു:ഖത്താലെ
നമ്മൾ തുല്യ ദു:ഖിതർ...

3 അഭിപ്രായങ്ങൾ:

Manoj PP.P. പറഞ്ഞു...

good, keep it up

Unknown പറഞ്ഞു...

Good keep it up.

അജ്ഞാതന്‍ പറഞ്ഞു...

mathoore, kollaam.
Chithram nannaayirikkunnu.
Expect more..

regards

Suma