വെള്ളിയാഴ്‌ച, ഫെബ്രുവരി 19, 2010

നിലാവത്ത്‌



നിശ്ശബ്ദം പെയ്യുന്ന
നിലാവിന്റെ കാലവര്‍ഷം.
ഒഴുക്കിലെ പരല്‍മീനില്‍
നിന്‍്‌റ കണ്ണുചിമ്മിച്ച്‌
ഇരുട്ടിന്റെ കൈത്തോട്‌.
ഇല ചീകിക്കളഞ്ഞ
ചെമ്പകക്കൈത്തണ്ടില്‍
കിനിഞ്ഞിറങ്ങി വന്ന
പൂവിന്റെ ആത്മസംവേദനം
എന്റെ ഉള്ളു കണ്ടെത്തുന്നു-
ഞാന്‍ തിരഞ്ഞത്‌..!
നടുക്കം ചെടിച്ചില്ലയില്‍
തിടുക്കം പിടിക്കുന്നു,
നനഞ്ഞൊലിച്ചൊരു ചിറക്‌
നിലാവിനെ കുടഞ്ഞെറിഞ്ഞ്‌
ഉറങ്ങാന്‍ കിടന്ന ഗര്‍ഭത്തില്‍ നിന്ന്‌
കുടുംബം വഴക്കടിക്കും
പടുമാവ്‌ താണ്ടുമ്പോള്‍
നിലാവുംമണ്ണും കുഴഞ്ഞതില്‍
നല്ലൊരു മാങ്ങാപ്പാട്‌ !-
(മാങ്ങ പണ്ടേ ഞാനെടുത്തിരുന്നു..)
നിലാവുരുണ്ടിറങ്ങിവീഴും
ചേമ്പിലക്കാടിനപ്പുറത്ത്‌
വെള്ളപുതച്ചൊരു മണ്ണനക്കം,
മഴയില്‍ കെടാതതിന്റ
നെഞ്ചത്തൊരഗ്നിനാളം,
ഭൂമി കൊളുത്തിയത്‌..
നാളെയും പുലരേണ്ടത്‌ !!
**************
പ്രസിദ്ധീകരിച്ചത്‌: ചിന്ത.കോം, ഒക്ടോബർ-2008
**************

അഭിപ്രായങ്ങളൊന്നുമില്ല: